Monday 18 April 2011

ഖുര്‍ആന്റെ ദൈവികതക്ക് ആറാമത്തെ തെളിവ്.


ഖുര്‍ആന്റെ ദൈവികതക്ക് ആറാമത്തെ തെളിവ്.

കടപ്പാട്:http://yukthivadikalumislamum.blogspot.com/
നിസ്തുലമായ ശിക്ഷണം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള ആറാമത്തെ തെളിവ് നിസ്തുലമായ അതിന്റെ ശിക്ഷണമാകുന്നു. വിശുദ്ധഖുര്‍ആന്റെ ശിക്ഷണങ്ങള്‍ പരിശോധിച്ച് നോക്കുന്ന പക്ഷം, ഒരു വശത്ത് അതില്‍ അങ്ങേയറ്റത്തെ സന്തുലനവും സ്വാഭാവികമായ യുക്തിവിചാരവും ദൃശ്യമാകുന്നു. മറുവശത്താകട്ടെ, അതു മനുഷ്യരാഷിക്കുള്ള ഏറ്റവും സമഗ്രമായ ഒരു നിര്‍ദ്ദേശപത്രവുമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആവശ്യമായ അധ്യാത്മിക യാഥാര്‍ഥ്യങ്ങളെക്കുറിച്ചും ദീനിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെക്കുറിച്ചുമുള്ള വിശദീകരണങ്ങള്‍ അതിലുണ്ട്. മാനുഷിക ധര്‍മത്തെയും മര്യാദകളെയും സംബന്ധിച്ചുള്ള വിവരണങ്ങളും അതില്‍ കാണാം. സാക്ഷാല്‍ ആരാധ്യനര്‍പിക്കേണ്ട ആരാധനമുറകളും അല്ലാഹുവിന്റെ അവകാശങ്ങളെ സംബന്ധിച്ച വിശദപാഠങ്ങളും അതിലുണ്ട്.

വ്യക്തിസംസ്‌കരണത്തിന്റെ പരിപാടികളും സമാജനിര്‍മാണത്തിനുള്ള സിദ്ധാന്തങ്ങളും അതില്‍ കാണാം. ഗാര്‍ഹികവും സാംസര്‍ഗികവും നാഗരികവും രാഷ്ട്രീയവുമായ നിയമങ്ങളും മാത്രമല്ല ഒരു ഭരണവ്യവസ്ഥ നിലവില്‍വന്നാല്‍ ഉണ്ടാകാനിടയുള്ള യുദ്ധം സന്ധി എന്നിവയെക്കുറിച്ചും വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു.

സാമൂഹിക നിയമങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ അതുലോകത്തുള്ള മറ്റെല്ലാ വ്യവസ്ഥകളില്‍നിന്നും തീരെ വ്യത്യസ്ഥമാണെന്ന് കാണാം. എല്ലാ വിഭാഗങ്ങള്‍ക്കും എക്കാലത്തേക്കും ഏതുനാട്ടിലേക്കും അതു ഒരുപോലെ അനുയോജ്യമാണ്. ഈ വസ്തുത നൂറ്റാണ്ടുകളായി തെളിഞ്ഞു കഴിഞ്ഞതാണ്. ഭാവിയിലും ഇത് സത്യമായി പ്രകാശിച്ചുകൊണ്ടിരിക്കും. കൂടാതെ ശിക്ഷണങ്ങള്‍ യുക്തിനിഷ്ഠവും സത്യസമ്പൂര്‍ണവുമാണെന്നതിനും അവയുടെ പ്രായോഗിക ഫലങ്ങളുടെ മേന്‍മക്കു സുശക്തമായ തെളിവുകളും വ്യക്തമായ ദൃഷ്ടാന്തങ്ങളുമുണ്ട്. മനുഷ്യജീവിതം അവയുടെ  അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത അവസരങ്ങളിലെല്ലാം ജീവിതത്തിന് സന്തോഷവും സംതൃപ്തിയും ലഭിച്ചിട്ടുണ്ട്. ചിന്തിച്ചു നോക്കൂക. നിസ്തുലമായ ഈ ശിക്ഷണങ്ങളെല്ലാം മുഹമ്മദ് എന്ന മനുഷ്യന്റെ ബുദ്ധിയില്‍നിന്ന് മാത്രം ഉടലെടുക്കുക സാധ്യമാണോ. ലോകചരിത്രത്തില്‍ തത്തുല്യമായ വല്ല സംഭവങ്ങളുമുണ്ടോ. ജീവിതത്തിലൊരിക്കലും കളവു പറഞ്ഞുവെന്ന് ശത്രുക്കള്‍ക്ക് പോലും അഭിപ്രായമില്ലാത്ത വിശ്വസ്തന്‍ എന്ന് വിളിക്കപ്പെട്ട മുഹമ്മദ് ഇത് എനിക്ക് ദൈവിക വെളിപാടായി ലഭിച്ചതാണെന്ന് പറഞ്ഞാല്‍ അതില്‍ അവിശ്വസിച്ച്, അല്ല ഇത് താങ്കള്‍ എഴുതിയുണ്ടാക്കിയതാണെന്ന് പറയുന്നതാണോ യുക്തി. നമ്മുടെ നേര്‍ബുദ്ധി നമ്മോട് ആവശ്യപ്പെടുന്നതെന്താണ്. നമ്മുക്കറിയാം മുഹമ്മദ് എന്ന വ്യക്തി 23 വര്‍ഷത്തിനിടയില്‍ അനുഭവിക്കേണ്ടി വന്ന പീഢനങ്ങള്‍, പലായനം, യുദ്ധങ്ങള്‍ അതിനിടക്ക് ഇത്രയും സന്തുലിതമായ ഒരു ഗ്രന്ഥം നിര്‍മിച്ച് ഒരു ഉപഭൂഖണ്ഡത്തെയാകമാനം പരിവര്‍ത്തിപ്പിച്ചു. അതില്‍ നിന്ന് ആധുനിക കാലഘട്ടത്തില്‍ ജീവിച്ച മഹാത്മാഗാന്ധിജിയെപ്പോലെയുള്ള ഒരു നേതാവിന് പോലും വിസ്മയം സമ്മാനിച്ച ഒരു ഉമര്‍ എന്ന ഭരണാധികാരിയെ സൃഷ്ടിച്ച മഹത്തായ ഒരു ഗ്രന്ഥവും അനിതസാധാരണമായ ഒരു നേതാവും.  പ്രസ്തുത വ്യക്തിയെ ചില പൂര്‍വഗ്രന്ഥങ്ങളില്‍ നിന്ന് പകര്‍ത്തിയെഴുതിയ കള്ളനായും, പ്രസ്തുത ഗ്രന്ഥം ഒരു വ്യാജ പകര്‍പ്പുമായും കാണാന്‍ നിങ്ങളുടെ ബുദ്ധി സമ്മതിക്കുമോ. അതൊടൊപ്പം ഒന്നറിയുക. അദ്ദേഹം ജീവിതത്തിലൊരിക്കലും ഒരു വരിപോലും എഴുതിയിട്ടില്ല. കണിശമായി കൃത്യമായി രേഖപ്പെടുത്തപ്പെട്ട ചരിത്രരേഖകളിലൊന്നും അങ്ങനെ ഒരു പരാമര്‍ശവുമില്ല. മാത്രമല്ല തനിക്ക് ദൈവത്തില്‍നിന്ന് അവതീര്‍ണമായതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയ ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുകയും ചെയ്തു:

'(പ്രവാചകാ) നീ ഇതിനു മുമ്പ് ഒരു ഗ്രന്ഥവും വായിച്ചിരുന്നില്ല. സ്വകരംകൊണ്ട് എഴുതിയിരുന്നുമില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു. വാസ്തവത്തില്‍ ജ്ഞാനം ലഭിച്ചവരുടെ ഹൃദയങ്ങളില്‍ ഇത് തെളിഞ്ഞ ദിവ്യസൂക്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ, നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്നില്ല. `ഇയാള്‍ക്ക് തന്റെ റബ്ബില്‍നിന്ന് ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെടാത്തതെന്ത്` എന്ന് ഇക്കൂട്ടര്‍ ചോദിക്കുന്നു. പറയുക: `ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കലാകുന്നു. ഞാനോ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രം.` അവര്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേദം നിനക്ക് നാം അവതരിപ്പിച്ചു എന്നത് (ദൃഷ്ടാന്തമായി) അവര്‍ക്ക് മതിയാകുന്നില്ലയോ? നിശ്ചയം, വിശ്വസിക്കുന്ന ജനത്തിന് അതില്‍ അനുഗ്രഹവും ഉദ്ബോധനവുമുണ്ട്. പ്രവാചകന്‍ പറയുക: `എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. വാന-ഭുവനങ്ങളിലുള്ളതൊക്കെയും അവനറിയുന്നു. മിഥ്യയില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്യുന്നവര്‍ നഷ്ടത്തിലകപ്പെട്ടവര്‍ തന്നെയാകുന്നു.` (29:48-52).

ഖുര്‍ആന്‍ ദൈവികതയില്‍ സംശയിക്കുന്ന മാന്യസുഹൃത്തേ, ഈ തെളിഞ്ഞ യാഥാര്‍ഥ്യത്തെ നിഷേധിച്ച് നിങ്ങള്‍ ജല്‍പിക്കുന്ന വിതണ്ഡവാദങ്ങളെ ഞങ്ങള്‍ പിന്തുടരണം എന്നാണോ താങ്കള്‍ പറയുന്നത്.

ഇതും താങ്കളെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമല്ലെങ്കില്‍ അടുത്ത തെളിവിലേക്ക് നീങ്ങാം. ഖുര്‍ആന്റെ ദൈവികതക്കുള്ള ഏഴാമത്തെ തെളിവ്. ഖുര്‍ആന്‍ സാധിച്ച വിപ്ലവം.  

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം പോസ്റ്റ്‌ ചെയ്തിട്ട് പോകണേ!!!!