Sunday 24 April 2011

ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ്.

കടപ്പാട്:http://yukthivadikalumislamum.blogspot.com/
ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ :

വിശുദ്ധഖുര്‍ആന്റെ ദൈവികതക്കുള്ള എട്ടാമത്തെ തെളിവ്; അതില്‍ ഒട്ടേറെ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ വിവരിക്കപ്പെട്ടതായി കാണാം, എന്നാല്‍ അവയെല്ലാം തന്നെ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളുമായി ഒത്തുപോകുന്നു എന്നതാണ്. ഖുര്‍ആന്‍ അവതരിക്കുന്ന കാലഘട്ടത്തില്‍ ലോകത്തിന് പൊതുവെയും അറബികള്‍ക്ക് പ്രത്യേകിച്ചും ആ യാഥാര്‍ഥ്യങ്ങള്‍ അജ്ഞാതമായിരുന്നു. മാത്രമല്ല അന്നത്തെ സമുന്നത ശാസ്ത്രജ്ഞന്മാരിലോ തത്വശാസ്ത്ര പണ്ഡിതന്‍മാരിലോ അവയെ സംബന്ധിച്ചറിയുന്ന ഒരു വ്യക്തിപോലുമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളിലൂടെ വൈജ്ഞാനികവും ശാസ്ത്രീയവുമായ നിരീക്ഷണ-പരീക്ഷണങ്ങള്‍ അവയുടെ പുരോഗമന മാര്‍ഗത്തിലേക്കുള്ള നിരവധി ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടാണ് അവയ്ക് പ്രസ്തുത യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.  അതേസമയം വസ്തുക്കളെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും സംബന്ധിച്ച ഖുര്‍ആന്റെ പരാമര്‍ശങ്ങളില്‍ ഒരിക്കല്‍ പോലും അബദ്ധം സംഭവിച്ചില്ല എന്നത് ഖുര്‍ആന്‍ സര്‍വജ്ഞനായ ദൈവത്തില്‍നിന്നാണെന്നതിനുള്ള തെളിവാണ്.

ഒട്ടേറെ ശാസ്ത്രസത്യങ്ങള്‍ ഖുര്‍ആന്‍ വെളിപ്പെടുത്തിയാതായി പണ്ഡിതന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. അവയെയൊക്കെ എടുത്ത് ചിലര്‍ പരിഹസിക്കാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞ ഇന്ന കാര്യം തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് വിരുദ്ധമാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കാതെ. ഏതൊരു സമാന്യയുക്തിക്കും മനസ്സിലാകുന്ന വിധം പറഞ്ഞ ചില അലങ്കാരങ്ങളെയും ഉപമകളെയും എടുത്ത് ഇതൊന്നും തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് യോജിക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ വിമര്‍ശകര്‍ സാധാരണയായി ചെയ്യാറുള്ളത്. ഭൂമിയ തൊട്ടിലാക്കി, വിശാലമാക്കി എന്നൊക്കെ ദൈവം മനുഷ്യന് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളായി എടുത്ത് പറയുന്ന സൂക്തങ്ങളെ ഖുര്‍ആനില്‍ ഭൂമി പരന്നിട്ടാണെന്നും. അക്കാലത്തെ മനുഷ്യന് ശാസ്ത്രീയമായി  സംഭവിച്ച അബദ്ധങ്ങളൊക്കെ ഖുര്‍ആനിലുമുണ്ട് എന്ന് വാദിക്കുകയാണ് അവര്‍ .

ഇതൊടൊപ്പം വിമര്‍ശകര്‍ മനസ്സിലാക്കേണ്ട കാര്യം, ഖുര്‍ആന്‍ അടിസ്ഥാനപരമായി ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് എന്നതാണ്. ശാസ്ത്രീയ അറിവുകള്‍ പകര്‍ന്ന് നല്‍കാന്‍ അവതരിക്കപ്പെട്ടതല്ല അത്. പദാര്‍ഥത്തെയും പ്രപഞ്ചിക യാഥാര്‍ഥ്യങ്ങളെയും പരീക്ഷണ നീരിക്ഷണങ്ങളിലൂടെ കണ്ടെത്താനാവശ്യമായ യുക്തിയും ബുദ്ധിയും അതിനുള്ള സാഹചര്യവും നല്‍കിയാണ് ദൈവം നിയോഗിച്ചിരിക്കുന്നത്. ഭൂമിയുടെ ആകൃതി പറയാനോ, മഴയുടെ വര്‍ഷിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനോ, പനിക്കുള്ള പാരാസെറ്റാമോള്‍ നിര്‍മിക്കേണ്ടതെങ്ങനെയെന്നോ ഒരു പ്രവാചകന്‍ നിയോഗിതനായി പറഞ്ഞുതരേണ്ട കാര്യമല്ല. മറിച്ച് ഒരു വേദഗ്രന്ഥം, എന്താണ് നന്മയെന്നും എന്താണ് തിന്മയെന്നും പറഞ്ഞുതരേണ്ടതുണ്ട്. മനുഷ്യന്‍ അവന്റെ ഭൗതിക ജീവിതം സുകകരമാക്കാന്‍ എന്തെന്ത് മൂല്യങ്ങളും സാദാചാരവും നിയമനിര്‍ദ്ദേശവും പാലിക്കണമെന്നും അത് പറഞ്ഞു തരേണ്ടതുണ്ട്. ആ ഉത്തരവാദിത്തം ഖുര്‍ആന്‍ നിര്‍വഹിക്കുന്നു. കേവലം ചില മാര്‍ഗരേഖ നല്‍കുന്നതില്‍ അതിന്റെ ദൗത്യം അവസാനിപ്പിച്ചിട്ടില്ല. മനുഷ്യന്റെ മാനസികാവസ്ഥയും അവന്റെ ഇഛയും അവന് നല്‍കപ്പെട്ട വിവേചനാധികാരവും  പരിഗണിച്ച് ഈ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കത്തക്കവിധം ഒരു മാനസികനില കൈവരിക്കാന്‍ ചില വിശ്വാസങ്ങള്‍ അവനില്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമവും ഖുര്‍ആന്‍ നടത്തിയിരിക്കുന്നു. അതിന് വേണ്ടിയാണ്, ദൈവത്തെക്കുറിച്ചും മലക്കുകളെക്കുറിച്ചും പ്രവാചകന്‍മാരെക്കുറിച്ചും വേദഗ്രന്ഥത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചുമുള്ള വിശ്വാസങ്ങള്‍ അടിസ്ഥാനമായി നിശ്ചയിച്ചത്. അവ മനുഷ്യനെ നന്മയില്‍ ബോധമുള്ളവനാക്കാനും അതിനെ അറിയാനും അതിന് വേണ്ടി പ്രേരിപ്പിക്കാനും ഇടയാക്കുന്നു. ഈ വിശ്വാസങ്ങളുടെ അഭാവത്തില്‍ നിയമം എന്തിന് വേണ്ടി ആര്‍ക്ക് വേണ്ടി അനുസരിക്കണം എന്ന് മനുഷ്യന്‍ ചിന്തിക്കാതിരിക്കില്ല. അവന് ലഭിക്കുന്ന വ്യത്യസ്ഥമായ അറിവിനനുസരിച്ച് അവന്‍ നിയമം പാലിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്‌തേക്കാം. ഇസ്‌ലാമിലെ വിശ്വാസത്തിന്റെ പ്രസക്തി അവിടെയാണ്. ഈ വിശ്വാസകാര്യങ്ങള്‍ ഭൗതിക വസ്തുകളുടെ പഠനത്തിലൂടെ മാത്രം കണ്ടെത്തുക സാധ്യമല്ല. ആ കുറവ് പരിഹരിക്കുന്നത് ദിവ്യവെളിപാടിലൂടെയാണ്.

വിശ്വാസകാര്യങ്ങളില്‍ പ്രഥമ സ്ഥാനത്ത് വരുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്. ആ വിശ്വാസം രൂഢമൂലമാകുന്നത് പ്രാപഞ്ചിക പ്രതിഭാസങ്ങളിലും ചുറ്റുമുള്ള വസ്തുക്കളിലും കാണുന്ന അത്ഭുതങ്ങളെക്കുറിച്ച് ചിന്തിച്ചും ഗ്രഹിച്ചുമാണ്. അത് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നീട് ദൈവാനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും. വിശുദ്ധഖുര്‍ആനിലെ പാദാര്‍ഥ സംബന്ധിയായ പരാമര്‍ശങ്ങള്‍ ഈ ലക്ഷ്യം വെച്ചുള്ളതാണ്. എന്നാല്‍ അത് എക്കാലത്തെയും ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തിലല്ലെങ്കില്‍ ചരിത്രത്തിലെ നീണ്ട കാലയളവില്‍ അതുകൊണ്ടുദ്ദേശിക്കപ്പെട്ട ലക്ഷ്യം സാധിക്കാതെ പോകും. അതുകൊണ്ട് ഏക്കാലത്തെയും മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ശാസ്ത്രമേ ഖുര്‍ആനിലുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഇക്കാലത്തെ ഭൗതികവാദികളെ അമ്പരപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പരമാമര്‍ശമല്ല അവയൊന്നും. സൂര്യന്റെ ചലനം സംബന്ധിച്ച പരാമര്‍ശം അത്തരത്തിലുള്ളതാണ്. എന്നാല്‍ ചിലതെല്ലാം ഒരു വിവരം എന്ന നിലക്ക് കാലഘട്ടം സ്വീകരിച്ചു പോന്നിരിക്കാം. അതിലൊന്നാണ്. പ്രപഞ്ചം വാതകാവസ്ഥയിലായിരുന്നു എന്ന് സൂചിപ്പിക്കുന്ന സൂക്തവും, ആകാശഗോളങ്ങള്‍ പരസ്പരം ഒട്ടിചേര്‍ന്ന അവസ്ഥയിലായിരുന്നു പിന്നീട് നാം അവയെ വേര്‍പ്പെടുത്തി എന്ന് പരാമര്‍ശിക്കുന്ന സൂക്തവും.

ഖുര്‍ആന്‍ ദൈവികമാണെങ്കിലും ഇക്കാര്യമൊക്കെ എങ്ങനെ പറഞ്ഞാലും പിന്നീട് കണ്ടെത്തുന്ന പക്ഷം അതില്‍ അബദ്ധം സംഭവിക്കുന്നെങ്കില്‍ ഖുര്‍ആന്‍ ദൈവികമല്ല  എന്ന് ധൈര്യപൂര്‍വം പറയാന്‍ അത് മതിയായിരുന്നു.  പക്ഷെ അതിന് ഇടനല്‍കാത്തവിധം ശാസ്ത്രീയമാണ് അതിലെ പരാമര്‍ശങ്ങള്‍ എന്നത് ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നവര്‍ പ്രത്യേകം പരിഗണിക്കേണ്ടത് തന്നെയാണ്. ഇത് മാത്രമായി ഖുര്‍ആന്റെ ദൈവികതക്ക് തെളിവായി ചുണ്ടിക്കാണിക്കുകയല്ല ഞാന്‍ ചെയ്യുന്നത് മറിച്ച് ഇതുകൂടി ചേരുമ്പോഴെ ഖുര്‍ആന്‍ ദൈവികമാണെന്ന അവകാശവാദം ശരിയാകൂ എന്ന് സ്ഥാപിക്കുകയാണ്.

ഇത്രയും സുക്ഷമായ  ഒരു ഗ്രന്ഥം ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ച നിരക്ഷരനായ ഒരു മനുഷ്യന്റെ നാവിലൂടെ വന്നുവെന്ന് നാം ബുദ്ധിയുടെ ഏത് തലത്തില്‍നിന്നുകൊണ്ടാണ് പറയുക. അതിനാല്‍ പ്രപഞ്ചയാഥാര്‍ഥ്യങ്ങള്‍ക്ക് ജന്മം നല്‍കിയ ദൈവമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന യാഥാര്‍ഥ്യം വെളിവാക്കുന്ന ഒരു തെളിവായി ഇത് മാറുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം പോസ്റ്റ്‌ ചെയ്തിട്ട് പോകണേ!!!!