Sunday 24 April 2011


ഖുര്‍ആന്റെ ദൈവികതക്ക് ഒമ്പതാമത്തെ തെളിവ്.

കടപ്പാട്:http://yukthivadikalumislamum.blogspot.com/
വൈരുദ്ധ്യമില്ലാത്ത വേദഗ്രന്ഥം:

ഖുര്‍ആന്റെ ദൈവികതക്കുള്ള ഒമ്പതാമത്തെ തെളിവ്, അതില്‍ യാതൊരു വിധ ഭിന്നതയോ വൈരുദ്ധ്യമോ കാണപ്പെടുന്നില്ല എന്നതാണ്. ഖുര്‍ആനില്‍ ഭിന്നതയോ വൈരുദ്ധ്യമോ ഇല്ല എന്നത് അതിന്റെ ദൈവികതയെക്കുറിച്ച അവകാശവാദം പോലെ ഖുര്‍ആനിന്റെ തന്നെ അവകാശവാദമാണ്. ദൈവികതക്കുള്ളതെളിവായി അതിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിശുദ്ധഖുര്‍ആനില്‍ 4:82  സൂക്തത്തില്‍ ഇങ്ങനെ കാണാം. 'അല്ലാഹുവല്ലാത്ത വല്ലവരുടെയും പക്കല്‍നിന്നുള്ളതായിരുന്നെങ്കില്‍ അവര്‍ അതില്‍ ധാരാളം ഭിന്നതകള്‍ കാണുമായിരുന്നു.'

സുദീര്‍ഘമായ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ ഭിന്ന വിരുദ്ധമായ പരിതഃസ്ഥിതികള്‍ക്കിടയിലാണ് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണത പ്രാപിച്ചത്. അതിന്റെ രചയിതാവ് ഒരു മനുഷ്യനായിരുന്നെങ്കില്‍ അതില്‍ പ്രതിപാദ്യങ്ങളും സിദ്ധാന്തങ്ങളും അധ്യാപനങ്ങളും ആദ്യന്തം വൈരുദ്ധ്യത്തില്‍നിന്നും ഭിന്നതകളില്‍നിന്നും പരിശുദ്ധമായിരിക്കുക തികച്ചും അസംഭവ്യമായിരുന്നു. മാത്രമല്ല ഒരേ പരിതസ്ഥിതിയില്‍ അല്‍പം ചില മാസങ്ങള്‍ക്കുള്ളില്‍ തുടര്‍ചയായി എഴുതിയതായിരുന്നാല്‍ പോലും അത്തരം വൈകല്യങ്ങളില്‍നിന്ന് പൊതുവെ രക്ഷപ്പെടാറില്ല. എന്നിരിക്കെ ശതകണക്കിന് മാസങ്ങളും സഹസ്രക്കണക്കിന് ദിവസങ്ങളും പിന്നിട്ട ശേഷം പൂര്‍ണത പ്രാപിക്കുകയും പരിതസ്ഥിതികളുടെ അസാധാരണ കയറ്റിറങ്ങളെ അഭിമുഖീകരിക്കുക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തില്‍ എങ്ങനെ വൈരുദ്ധ്യവും ഭിന്നതയും ഇല്ലാതിരിക്കും. സാധാരണ ഗതിയില്‍ അതെങ്ങനെ സംഭവ്യമാകും.

എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ ഈ 'അസംഭവ്യം' ഒരു യാഥാര്‍ഥ്യമായി തീര്‍ന്നത് നാം കാണുന്നു. അതിലെ പരന്നു കിടക്കുന്ന പ്രതിപാദ്യങ്ങളിലും വിശദമായ നിയമനിര്‍ദ്ദേശങ്ങളിലും അങ്ങേ അറ്റത്തെ രഞ്ജിപ്പ് കാണപ്പെടുന്നു. അതിനാല്‍ ഖുര്‍ആന്റെ കര്‍ത്താവ് ഒരു മനുഷ്യനല്ല പ്രത്യുത സര്‍വജ്ഞനും സൂക്ഷ്മജ്ഞനും സര്‍വശക്തനുമായ ഒരസ്ഥിത്വമാകുന്നു. അവന്റെ ജ്ഞാനത്തില്‍ യാതൊരു ഭേദഗതിക്കും പഴുതില്ല. ദീര്‍ഘമായ കാലയളവിന് പോലും അവന്റെ അരുളപ്പാടില്‍ യാതൊരു മാറ്റവും വരുത്താന്‍ സാധ്യമല്ല.

ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന അതിന്റെ അവകാശവാദം അംഗീകരിക്കാന്‍ ഖുര്‍ആന്‍ വിമര്‍ശകര്‍ തയ്യാറാവില്ല. അതിനാല്‍ ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.   ആ വിമര്‍ശകര്‍ നല്‍കുന്ന സൂക്തങ്ങള്‍ മുന്‍ധാരണയില്ലാതെ പഠനവിധേയമാക്കുന്ന ആര്‍ക്കും അവ പരസ്പരം വിശദീകരിക്കുകയോ ഒരേ കാര്യത്തിന്റെ വിവിധഭാഗങ്ങള്‍ വിശദീകരിക്കുകയോ ചെയ്യുകയാണെന്ന് മനസ്സിലാകും.   പലതിലും ഇതിലെവിടെയാണ് വൈരുദ്ധ്യം എന്ന് അവരോട് തിരിച്ചു ചോദിക്കേണ്ടി വരുന്നു.

ചരിത്രവും, നിയമവും, ധാര്‍മിക സദാചാരനിയമങ്ങളും, ഭൗതിക പ്രതിഭാസങ്ങളുടെ വിവരണവുമൊക്കെ ഉള്‍ചേര്‍ന്ന ഒരു ഗ്രന്ഥം. അവയെല്ലാം പരസ്പരം ബന്ധപ്പെട്ട് മാലയില്‍ കോര്‍ത്ത മുത്തുമണികളെന്നോണം സമഗ്രമായ സ്വഭാവത്തില്‍ കാണപ്പെടുന്നു.    അത് രചിച്ചുവെന്നും പകര്‍ത്തിയെഴുതിയെന്നും പറയുന്ന 'മുഹമ്മദ് എന്ന മനുഷ്യന്‍ ' തന്റെ പ്രബോധനം ആരംഭിച്ച് മരിക്കുന്നത് വരെ സ്വസ്ഥമായി പള്ളിയില്‍ ചിന്താനിമഗ്നനായി രചനയില്‍ ചെലവഴിക്കുകയായിരുന്നില്ല. മറിച്ച് ആരംഭം മുതല്‍ ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ അനുവദിച്ചിരുന്നില്ല. ഇതിനിടയില്‍ നിരക്ഷരനായ അദ്ദേഹം മനുഷ്യാരംഭം മുതല്‍ അന്ന് വരെ ചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിയ മുഴുവന്‍ പ്രധാന സംഭവങ്ങളെയും വിവരിക്കുന്നു ഒരു ദൃക്‌സാക്ഷിയെപ്പോലെ, ഒരു മുഴുസമയ അധ്യാപകനും പടയാളിയും പരിഷ്‌കര്‍ത്താവും ഭരണാധികാരിയും ആയി മരണം വരെ തുടരുന്നു. 1400 വര്‍ഷത്തിന് ശേഷവും അതുല്യമായി തുടരുന്ന ഒരു ജീവിത വ്യവസ്ഥ രൂപീകരിക്കുകയും ചെയ്യുന്നു.  ഒരു മനുഷ്യന് നാം എത്രമാത്രം കഴിവ് സങ്കല്‍പിച്ചാലും ഇത് അതില്‍നിന്ന് പുറത്ത് കടക്കുന്നില്ലേ. ഒരു നിമിഷം ചിന്തിക്കുക.

തോമസ് കാര്‍ലൈന് മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞവാക്കുകള്‍ വിശുദ്ധഖുര്‍ആന്റെ കാര്യത്തിലും ഞാന്‍ ആവര്‍ത്തിക്കട്ടേ. 'വഞ്ചന ലോകത്തിതുപോലെ വളരുകയും പുഷ്ടിപ്പെടുകയും ചെയ്‌താല്‍ മാനവതയെക്കുറിച്ച്‌ എന്തു ചിന്തിക്കണമെന്നറിയാതെ ഒരാള്‍ പരിപൂര്‍ണമായും അന്തംവിട്ടവനായിത്തീരും'.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം പോസ്റ്റ്‌ ചെയ്തിട്ട് പോകണേ!!!!