Saturday 7 May 2011

ഖുര്‍ആന്റെ ദൈവികതക്ക് പന്ത്രണ്ടാമത്തെ തെളിവ്.

കടപ്പാട്:http://yukthivadikalumislamum.blogspot.com/
ഖുര്‍ആന്റെ വെല്ലുവിളിക്കുമുമ്പില്‍ പരാജയത്തിന്റെ മൂകതയാണ് ഖുര്‍ആന്‍ ദൈവികമാണെന്നതിന്റെ പന്ത്രണ്ടാമത്തെ തെളിവ്. ഖുര്‍ആന്‍ നിഷേധികള്‍ അതുന്നയിച്ച എല്ലാ തെളിവുകളുടെയും നേരെ ചെകിടടക്കുകയും അതു ദൈവഗ്രന്ഥമാണെന്ന പരമാര്‍ഥം അംഗീകരിക്കാതിരിക്കുന്നതില്‍ നിരന്തരം ഉറച്ചുനില്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധഖുര്‍ആന്‍ അവരോട് ഇങ്ങനെ ആവശ്യപ്പെട്ടു:

'നമ്മുടെ ദാസനു നാം അവതരിപ്പിച്ചതിനെ (ഖുര്‍ആനെ) സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതോടു സാദൃശ്യമുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹു ഒഴികെയുള്ള നിങ്ങളുടെ സഹായികളെയെല്ലാം അതിനായി വിളിച്ചുകൊള്ളുക. നിങ്ങളുടെ വാദത്തില്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍' (2:23)

ഖുര്‍ആനെ നിഷേധിക്കുന്നവര്‍ക്ക് / അത് മുഹമ്മദിന്റെ വചനമാണ് എന്ന് പറയുന്നവര്‍ക്ക് തങ്ങളുടെ വാദം തെളിയിക്കാനുള്ള  പൂര്‍ണാവസരമായിരുന്നു അത്. വാക്കിലും അര്‍ഥത്തിലും ഖുര്‍ആന്റെ അധ്യായങ്ങളിലെ മറ്റു പ്രത്യേകതകളോടും കൂടിഒരു അധ്യായം രചിച്ചു കാണിച്ചാല്‍ മതി. ( വിശുദ്ധഖുര്‍ആന്‍ മുഴുവന്‍ വേണ്ട. അത് അവരോട് ആദ്യം ചോദിച്ചിരുന്നു). മുഹമ്മദ് നബി അവര്‍ക്കിടയില്‍ ജീവിക്കുന്ന ദേഹമാണ്. പ്രവാചകനെ എതിര്‍ക്കുന്നവരില്‍ അറബി സാഹിത്യത്തിലെ അസാമാന്യമായ പ്രതിഭകളുമുണ്ടായിരുന്നു. അവര്‍ക്കെല്ലാവരും ഒരുമിച്ചുകൂടി കൂട്ടായി രചിച്ചാലും മതി. മുഹമ്മദ് നബിയെ പോലെ, ഒരു വ്യക്തി തന്നെ പരായണം ചെയുത കാണിക്കണമെന്നില്ല എന്നു സാരം. ഒരു മനുഷ്യന് ഇപ്രകാരം ഒരു ഗ്രന്ഥം കൊണ്ടുവരാന്‍  സാധ്യമാണെങ്കില്‍, അദ്ദേഹത്തെക്കാള്‍ ഏതര്‍ഥത്തിലും ഭാഷാപരിജ്ഞാനവും ലോകപരിചയവുമുള്ള എതിരാളികളുടെ സംഘത്തിന് അത് സാധിക്കേണ്ടതായിരുന്നു. അതില്‍നിന്ന് അവരെ തടയുന്ന ഒന്നുമുണ്ടായിരുന്നില്ല.

മുന്‍വേദമറിയുന്ന ആരോ ഒരാള്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുയും അത് ജനങ്ങള്‍ക്ക് മുമ്പില്‍ ഉരുവിടുകയും ചെയ്യുകയാണ് എന്ന വാദവും അവര്‍ കെട്ടിച്ചമച്ചു നോക്കി. എങ്കില്‍ അദ്ദേഹത്തെ പരസ്യമായി  കൊണ്ടുവന്ന് അവര്‍ക്ക് അത് തെളിയിക്കാമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തെ പോലുള്ളവരുടെ സഹായം അവര്‍ക്കും തേടാമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം സിറിയയിലേക്ക് കച്ചവട സംഘത്തിന്റെ കൂടെ യാത്ര ചെയ്തിരുന്നുവെന്നത് ശരിയാണ്. അവിടെ അദ്ദേഹം ജൂതരെയും ക്രൈസ്തവരെയും കണ്ടിട്ടുണ്ടാകാം. സ്വാഭാവികമായും അവരുടെ ആചാരങ്ങളും സമ്പ്രദായങ്ങളും അദ്ദേഹം മനസ്സിലാക്കാനും ഇടയുണ്ട്. ചെറുപ്പകാലത്തുള്ള ഈ പരിചയം വെച്ച് അദ്ദേഹം തന്റെ നാല്പ്പതാം വയസു മുതല്‍ ഒരു സംമ്പൂര്‍ണ ഗ്രന്ഥത്തിന്റെ ടിസ്ഥാനത്തില്‍  അതുല്യമായ ഒരു ജീവിതദര്‍ശനത്തിന് രൂപം നല്‍കി. 
നിലവിലുള്ള പ്രമുഖ മതങ്ങളുടെ അടിസ്ഥാന വിശ്വാസത്തെ വരെ നിരൂപണം നടത്തുക. പൂര്‍വ വേദങ്ങളെക്കാള്‍ ചരിത്രത്തിന് വ്യക്തത നല്‍കി അവതരിപ്പിക്കുക. ഇതൊക്കെ സമാന്യമായി മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ഇതൊക്കെ മറികടക്കാനാണ് അന്നും ഇന്നും പൂര്‍വവേദങ്ങളില്‍നിന്ന് പകര്‍ത്തിയെഴുതിയാണെന്ന് അതാത് മതസമൂഹം പ്രചരിപ്പിക്കുന്നത്. നേരത്തെ ഇതുസംബന്ധമായ ചര്‍ചയില്‍ സജി എന്ന ബ്ലോഗര്‍ എന്നോട് നേരിട്ട് നടത്തിയ സംവാദം ഇന്നും ഇതേ പ്രചരണമാണ് ഖുര്‍ആനെതിരെ മുഖ്യമായി വരുന്നതെന്ന് തെളിയിക്കുന്നു അദ്ദേഹം പറഞ്ഞതിങ്ങനെ:
"ഞങ്ങളുടെ ബൈബിള്‍ ക്ലാസുകളില്‍, ബൈബിള്‍ തിരുത്തിക്കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ പുസ്തമാണ് നിങ്ങളുടെ ഗ്രന്ഥം എന്നു ഞങ്ങള്‍ വ്യക്തമായി പഠിക്കുന്നൂണ്ട്. അതു തന്നെ വിശ്വ്വസിക്കുകയും ചെയ്യുന്നു.... "
 മക്കയിലും മദീനയിലും ഇപ്രകാരം വാദിച്ചവരോട് ഖുര്‍ആന്‍ സമാനമായത് രചിച്ചു, തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വെല്ലുവിളിച്ചു. തങ്ങളുടെ ഭാഷാപരമായ കഴിവില്‍ നിഗളിച്ചിരുന്ന അവര്‍ നിശഃബ്ദത പാലിച്ചു. ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ പരിഹാസ്യരാകേണ്ടന്ന് കരുതി പിന്‍മാറി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

ഇന്നും ഖുര്‍ആനിന്റെ വെല്ലുവിളി നിലനില്‍ക്കുന്നു. മറ്റുവേദങ്ങളുടെ ഭാഷപോലെ നിര്‍ജീവമായ ഭാഷയല്ല ഖുര്‍ആന്റെത് ഇന്നും സജീവവും അത്ഭുതകരവുമാണ് അതിന്റെ ഭാഷ. അത്ഭുതകരം എന്ന് പറയാന്‍ കാരണം അറബിയല്ലാത്ത മുഴുവന്‍ ഭാഷകളും രണ്ടു നൂറ്റാണ്ടിനപ്പുറത്തുള്ളത് ചിലത് പറ്റെ നിര്‍ജീവമാണെങ്കില്‍ മറ്റുചിലത് നമുക്ക് വായിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നവിധം പഴയതാണ്. എന്നാല്‍ ഖുര്‍ആന്റെ ഭാഷ ഇന്നും വ്യക്തമായി വായിക്കുകയും ആശയം ഗ്രഹിക്കാവുന്നരൂപത്തില്‍ നിലക്കൊള്ളുകയും ചെയ്യുന്നു.

ചുരുങ്ങിയ കാലം കൊണ്ട് ഖുര്‍ആന്‍ ലോകമാകെ പ്രചരിച്ചു. ഖുര്‍ആനെതിരെ പരമാവധി ശക്തി ഉപയോഗിച്ചു എതിര്‍ത്തുകൊണ്ടിരിക്കുന്ന  സമൂഹം ലോകത്തെക്കാലത്തുമുണ്ടായിട്ടും 1400 വര്‍ഷത്തിനിടയില്‍ ഖുര്‍ആന്റെ ഈ വെല്ലുവിളിക്ക് മാത്രം മറുപടിയുണ്ടായില്ല. അതിനാരെങ്കിലും സന്നദ്ധമായി മുന്നോട്ടുവന്നിരുന്നെങ്കില്‍ ഖുര്‍ആനെതിരെയുള്ള ശ്രമത്തിന് ഏറ്റവും നല്ല  പ്രതികരണം അതാകുമായിരുന്നു. മാത്രമല്ല മുസ്ലിംകള്‍ പോലും ഇസ്‌ലാമിനെ കയ്യൊഴിക്കാന്‍ അത് കാരണമാകുമായിരുന്നു. അതിന് സാധ്യമല്ലാത്തതിനാല്‍ ഖുര്‍ആന്‍ ഈ നിമിഷവും ലോകത്തുള്ള ചിന്തകരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യിവോണ്‍ റിഡ്‌ലിയെ ഖുര്‍ആന്‍ കീഴടക്കി. അതിന് മുമ്പ് ജൂതമത്തില്‍ ജനിച്ച് മര്‍യം ജമീലയായിമാറിയ അമേരിക്കന്‍ എഴുത്തുകാരിയ മാര്‍ഗരറ്റ് മാര്‍ക്കസ് ഉണ്ടായിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ ടോണിബ്ലയറിന്റെ ഭാര്യസഹോദരി ലോറന്‍ ബൂത്തും. (മുകളിലെ ചിത്രം അവരുടേതാണ്)

ഇവരൊക്കെ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയ ഒരു ഗ്രന്ഥത്തിന്റെ അനുയായികളാകാന്‍ തീരുമാനിച്ചുവെങ്കില്‍ തെറ്റിയത് ആര്‍ക്ക് ഇവര്‍ക്കോ അതല്ല പ്രസ്തുതവാദം ഉന്നയിച്ചവര്‍ക്കോ?. ഞാന്‍ പറയുന്നു തെറ്റുപറ്റിയത് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കാണ്. അല്ലെന്നു പറയുന്നവര്‍ എന്തുകൊണ്ട് ഖുര്‍ആന്റെ വെല്ലുവിളി സ്വീകരിക്കപ്പെടാതെ പോകുന്നു എന്നതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട്.

(ഖുര്‍ആനിന്റെ ദൈവികതക്കുള്ള തെളിവുകള്‍ എന്ന പരമ്പര തല്‍കാലം ഇവിടെ അവസാനിക്കുന്നു.)


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം പോസ്റ്റ്‌ ചെയ്തിട്ട് പോകണേ!!!!