Saturday 7 May 2011

ഖുര്‍ആന്റെ ദൈവികതക്ക് പതിനൊന്നാമത്തെ തെളിവ്.

കടപ്പാട്:http://yukthivadikalumislamum.blogspot.com/
തെറ്റുകളില്‍നിന്നും  മുക്തം.

തെറ്റുകളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും മുക്തമായ ഗ്രന്ഥം എന്നതാണ് വിശുദ്ധ ഖുര്‍ആന്റെ ദൈവികതക്ക് പതിനൊന്നാമത്തെ തെളിവ്. ലോകത്ത് കോടാനുകോടി പുസ്തകങ്ങളുണ്ട്. രചിക്കുന്നത് വ്യക്തികളാണെങ്കിലും ഒട്ടേറെ പരിശോധനക്ക് ശേഷമാണ് അത് പുറത്തിറക്കുന്നത്. ഒരു വ്യക്തി തന്നെ രചിക്കുകയും തിരുത്തുകള്‍ വരുത്തുകയും ചെയ്ത് പുറത്തിറക്കുന്ന ഗ്രന്ഥങ്ങള്‍ തീരെയില്ലെന്നല്ല. അതേ പ്രകാരം ഒരു പാടുപേര്‍ ഒരുമിച്ച് ചേര്‍ന്ന് പുറത്തിറക്കുന്ന വിജ്ഞാനകോശങ്ങളുണ്ട്. അവയൊന്നും തെറ്റില്‍നിന്ന് മുക്തമാണ് എന്ന് അവയൊന്നും അവകാശപ്പെടാറില്ല. നോവലിനും കഥക്കും ഇത്തരം കാര്യങ്ങള്‍ ബാധകമല്ല. നേരെ മറിച്ച് ചരിത്രവും, നിയമവും, ഭൗതിക പ്രതിഭാസങ്ങളുടെ പരാമര്‍ങ്ങളും, കാര്‍മശാസ്ത്രവുമടക്കം അനേകം വിഷയങ്ങള്‍ ഉള്‍കൊള്ളുന്ന  ഉള്‍കൊള്ളുന്ന അതിസങ്കീര്‍ണ്ണമായ ഒരു ഗ്രന്ഥം തെറ്റില്‍നിന്ന് മുക്തമാണ് എന്ന് സ്വയം അവകാശപ്പെടാന്‍ മാനുഷികമായ ഗ്രന്ഥത്തിന് സാധ്യമല്ലെന്ന് നമ്മുടെ സാമാന്യബുദ്ധി സമ്മതിക്കും. അതിന്റെ ഏറ്റവും വലിയ തെളിവ് ഖുര്‍ആനില്‍ അബദ്ധങ്ങളും തെറ്റുകളും കണ്ടെത്താനുള്ള ശ്രമം തന്നെ. ഗംഭീര ശ്രമമാണ് അതിന് വേണ്ടി നടത്തിയിട്ടുള്ളത്. അതിന് വേണ്ടി ഖുര്‍ആനില്‍ ഒന്നും രണ്ടുമല്ല ആയിരം തെറ്റുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു!!!. എങ്ങനെയാണ് ആയിരം എന്ന സംഖ്യഇത്ര കൃത്യമായി ലഭിച്ചതെന്നറിയില്ല.  അതിന്റെ തുടക്കത്തില്‍ നല്‍കിയ ഒരു വാചകം ശ്രദ്ധേയമാണ്. അതിങ്ങനെ:

NB: If you find any mistakes anywhere, please inform us.

പുസ്തകങ്ങളുടെ അവസാനം ശുദ്ധിപത്രം എന്ന ഒരു പേജ് സാധാരണ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളില്‍ സാധാരണമാണ്. എല്ലാ പരിശോധനക്കും ശേഷം പുസ്തകം അടിച്ചതിന് ശേഷം വരുന്ന തെറ്റുകളാണ് പലപ്പോഴും ഒരു പേജാക്കി തിരുത്താന്‍ വായനക്കാര്‍ക്കായി നല്‍കുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച കഥ നോവല്‍ എന്നിങ്ങനെയുള്ള കലാസാഹിത്യ സൃഷ്ടികളൊഴികെയുള്ളവ പത്തുപതിപ്പുകള്‍ പുറത്തിറങ്ങിയാല്‍ പത്തിലും എന്തെങ്കിലും തിരുത്തുകള്‍ സാധാരമമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 1400 വര്‍ഷത്തിനകം ലക്ഷക്കണക്കിന് പതിപ്പുകള്‍ പുറത്തിറങ്ങി. അതില്‍ ഏതെങ്കിലും പരാമര്‍ശം മാറ്റി എഴുതണമെന്ന് ആര്‍ക്കും തോന്നിയില്ല. അറബി ഭാഷ ലോകമെങ്ങും പ്രചാരമുള്ളതും ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നും, 20-ല്‍പരം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും 40-ലധികം രാജ്യങ്ങളിലെ സംസാര ഭാഷയുമാണ്. ഭാഷാപരമായ ഒരബദ്ധമുള്ളതായി ഉത്തരവാദപ്പെട്ട ഭാഗത്ത് നിന്ന് വരികപോലും ചെയ്തിട്ടില്ല.

യുക്തിവാദികളും മതനിഷേധികളുമായ ആളുകള്‍ ഭാഷാപരമായ ന്യൂനത എന്ന് പറഞ്ഞ് ചില പരാമര്‍ശങ്ങള്‍ നടത്താറുണ്ടെങ്കിലും അതിനെതിരെയുള്ള ഭാഷാവിധഗ്ദരുടെ മറുപടി പ്രസക്തമായതിനാല്‍ അത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മഹാസംഭവങ്ങളായി ആര്ക്കും അനുഭവപ്പെടാറില്ല. മക്കയിലെ പ്രതിയോഗികള്‍ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നെങ്കിലും ഖുര്‍ആനില്‍ തെറ്റുണ്ട് എന്ന ആരോപണം ഉന്നയിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.  വിശുദ്ധ ഖുര്‍ആനില്‍ അബദ്ധങ്ങളില്ല എന്നത് ഖുര്‍ആന്‍ അനുയായികളുടെ ഒരു അവകാശവാദമല്ല. ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ കാര്യമാണ് എന്നതാണ് ഏറെ അത്ഭുതകരം. ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

നമ്മുടെ സൂക്തങ്ങളില്‍ ദുരര്‍ഥമാരോപിക്കുന്നവരുണ്ടല്ലോ, അവര്‍ നമ്മില്‍നിന്ന് മറഞ്ഞുപോകുന്നൊന്നുമില്ല. സ്വയം ചിന്തിച്ചുനോക്കുക, നരകത്തിലെറിയപ്പെടുന്ന മനുഷ്യനാണോ ഉത്തമന്‍, അതല്ല പുനരുത്ഥാന നാളില്‍ നിര്‍ഭയനായി ഹാജരാകുന്നവനോ? നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തുകൊള്ളുവിന്‍. ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടിരിക്കുകയാകുന്നു. ഉദ്ബോധന സന്ദേശം വന്നുകിട്ടിയപ്പോള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാത്ത ജനമത്രെ ഇത്. നിശ്ചയം, ഇതൊരു പ്രൌഢഗംഭീരമായ വേദമാകുന്നു. മുന്നിലൂടെയും പിന്നിലൂടെയും അതില്‍ അസത്യം വരാവതല്ല. അഭിജ്ഞനും സ്തുത്യനുമായ ഒരുവനില്‍നിന്ന് അവതരിച്ചതത്രെ ഇത്. (41: 40-42)

ഇവിടെ ബാത്വില്‍ എന്ന അറബി പദമാണ് ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ അര്‍ഥമുള്‍കൊള്ളുന്ന പദമാണത്. അവാസ്തവം, അസത്യം, മിഥ്യ, തെറ്റ്, അബദ്ധം എന്നിവയൊക്കെ അതിന്റെ അര്‍ഥമായി വരുന്നതാണ്. മുഹമ്മദ് നബി രചിക്കുകയും അത് ദൈവത്തിന്റെ പേരില്‍ കെട്ടിപ്പറയുകയുമാണ് ചെയ്തിരുന്നതെങ്കില്‍ അത് ബാത്വിലിന് ഏറ്റവും വലിയ ഉദാഹണമാകുമായിരുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക.

'ഇദ്ദേഹം അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവെന്നാണോ ഈ ജനം പറയുന്നത്? അല്ലാഹുവിന് ,വേണമെങ്കില്‍ നിന്റെ ഹൃദയത്തിനും മുദ്രവെക്കാമായിരുന്നു. എന്നാല്‍ അവന്‍ മിഥ്യയെ തുടച്ചുമാറ്റുകയും തന്റെ ശാസനകളാല്‍ സത്യത്തെ സാക്ഷാത്കരിച്ചു കൊണ്ടിരിക്കുകയുമാകുന്നു.' (42:24)

'മുന്നിലൂടെയും പിന്നിലൂടെയും അതില്‍ (ഖുര്‍ആനില്‍) അസത്യം വരാവതല്ല.' എന്ന് സൂക്തഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇപ്രകാരം പറഞ്ഞു:
    
 'മുന്നിലൂടെ വരാന്‍ കഴിയില്ല എന്നതിന്റെ താല്‍പര്യമിതാണ്: ഒരാള്‍ ഖുര്‍ആനിനെ നേരിട്ടാക്രമിച്ച് അതിലെ ഏതെങ്കിലും ആശയം തെറ്റാണെന്നോ അധ്യാപനം അസത്യമോ അസാധുവോ ആണെന്നോ സ്ഥാപിക്കാന്‍ ഒരുമ്പെട്ടാല്‍ വിജയിക്കുവാന്‍ പോകുന്നില്ല. പിന്നിലൂടെ വരാന്‍ കഴിയില്ല എന്നതിന്റെ വിവക്ഷ ഇപ്രകാരമാകുന്നു: ഖുര്‍ആന്‍ അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങള്‍ക്കെതിരായി ഒരു സത്യമോ വസ്തുതയോ ഒരിക്കലും വെളിപ്പെടുകയില്ല. ഖുര്‍ആന്‍ വിവരിച്ച ജ്ഞാനത്തെ നിഷേധിക്കുന്ന യാതൊരു ശാസ്ത്രവും യഥാര്‍ഥ ശാസ്ത്രമായി വരിക സാധ്യമല്ല. ആദര്‍ശം, ധര്‍മം, നിയമം, സംസ്കാരം, നാഗരികത, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളില്‍ ഖുര്‍ആന്‍ മനുഷ്യന് നല്‍കിയ മാര്‍ഗദര്‍ശനങ്ങളില്‍ ഏതെങ്കിലുമൊന്ന് തെറ്റാണെന്ന് തെളിയിക്കുന്ന യാതൊരനുഭവവും സാക്ഷ്യവും ഉണ്ടാവുക വയ്യ. ഈ ഗ്രന്ഥം ഏതൊന്നിനെ സത്യമെന്ന് വിളിച്ചിട്ടുണ്ടോ, അത് മിഥ്യയാണെന്ന് തെളിയുക ഒരിക്കലും സാധ്യമല്ല. അത് ഏതൊന്നിനെ മിഥ്യയെന്ന് വിളിച്ചിട്ടുണ്ടോ അത് സത്യമെന്ന് തെളിയിക്കപ്പെടുകയും ഒരിക്കലും സാധ്യമല്ല. കൂടാതെ, മിഥ്യ നേരിട്ടാക്രമിച്ചാലും ശരി, പിന്നില്‍ മറഞ്ഞുനിന്നാക്രമിച്ചാലും ശരി ഖുര്‍ആന്‍ അവതരിപ്പിക്കുന്ന സന്ദേശത്തെ പരാജയപ്പെടുത്താന്‍ ഒരു നിലക്കും അതിന് സാധിക്കുകയില്ല എന്ന ആശയവും കൂടി ഈ വാക്യം ഉള്‍ക്കൊള്ളുന്നുണ്ട്. എല്ലാ എതിര്‍പ്പുകളും, എതിരാളികള്‍ രഹസ്യവും പരസ്യവുമായ സകല തന്ത്രങ്ങളും പയറ്റുന്നുണ്ടെങ്കിലും, ഈ സന്ദേശം പ്രചരിച്ചുകൊണ്ടേയിരിക്കും. ആര്‍ക്കും അതിനെ പരാജയപ്പെടുത്താനാവില്ല.'

ഞാന്‍ പറയുന്നതിത്രമാത്രം വിശുദ്ധഖുര്‍ആനില്‍ അസത്യമോ മിഥ്യയോ തെറ്റോ സംഭവിച്ചിട്ടില്ല, സംഭവിക്കുകയുമില്ല എന്നത് ഖുര്‍ആന്റെ അവകാശവാദമാണ്. പഠിച്ചിടത്തോളം അത് വസ്തുതയാണെന്ന് വിശ്വാസികളായ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അതിന് ശ്രമിക്കാം. ഖുര്‍ആന്‍ ദൈവികമോ അതല്ല മാനുഷികമോ എന്നല്ലാമുള്ള വിധി അതിന് ശേഷമാക്കുന്നതല്ലേ മനുഷ്യ ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന നിലപാട്?. നിങ്ങള്‍ അവലംബമാക്കുന്നത് എന്താകട്ടേ അത് ഇതിനേക്കാള്‍ യുക്തി ഭദ്രമാണെങ്കില്‍ പരിചയപ്പെടുത്തുക നമ്മുക്ക് ഒന്നായി സത്യാന്വേഷണത്തില്‍ പങ്കാളികളാകാം.  


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം പോസ്റ്റ്‌ ചെയ്തിട്ട് പോകണേ!!!!