Tuesday 3 May 2011

ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്.

കടപ്പാട്:http://yukthivadikalumislamum.blogspot.com/
 പുലരുന്ന പ്രവചനങ്ങള്‍:

ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്, അത് നടത്തിയ പ്രവചനങ്ങള്‍ സത്യമായി പുലര്‍ന്നുവെന്നതാണ്. ഖുര്‍ആന്‍ അതിന്റെ ദൗത്യവിജയം പ്രവചിക്കുമ്പോള്‍ അതു പുലരുന്നതിനുള്ള ഉപാധികളും സാഹചര്യങ്ങളും എങ്ങും ദൃശ്യമായിരുന്നില്ല. എന്നിട്ടും അവയിലോരോന്നും പുലര്‍ന്നതായി ലോകം കാണുകയുണ്ടായി. ഒറ്റ പ്രവചനം പോലും തെറ്റിയതായി തെളിഞ്ഞില്ല. ഉദാഹരണത്തിന്:

പലായനത്തിന്റെ ആറാം വര്‍ഷത്തില്‍ ഹുദൈബിയാ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് ഇങ്ങനെ സന്തോഷവാര്‍ത്ത അറിയിച്ചു.

'തീര്‍ച്ചയായും അല്ലാഹു അവന്റെ ദൂതന് ശരിയായ സ്വപ്നം കാണിച്ചിരുന്നു. അത് തികച്ചും സത്യവുമായിരുന്നു. ഇന്‍ശാഅല്ലാഹ്! നിങ്ങള്‍ നിര്‍ഭയരായി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യും; ശിരസ്സ് മുണ്ഡനം ചെയ്തവരായും മുടിമുറിച്ചവരായും,നിര്‍ഭയരായും. നിങ്ങള്‍ അറിയാത്ത ചിലത് അവന്‍ അറിഞ്ഞിരുന്നു. അതിനാല്‍ ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനു മുമ്പ് അവന്‍ നിങ്ങള്‍ക്ക് ഈ അടുത്ത വിജയം പ്രദാനംചെയ്തു.' (48:27)

ഈ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം നോക്കുക. മദീനയില്‍ നിന്ന് ഹജ്ജ് ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് പുറപ്പെട്ട മുസ്ലിംകളെ മക്കയിലെ നിഷേധികള്‍ തടയുകയും സമ്മര്‍ദ്ദത്തിനു വിധേയമായി സന്ധിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇത്രയും ദുര്‍ഘടം പിടിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകള്‍ നിര്‍ഭയരായി മക്കയില്‍ പ്രവേശിക്കും എന്ന് പ്രതീക്ഷിക്കാന്‍ ഒരു നിര്‍വാഹവുമുണ്ടായിരുന്നില്ല. എന്നാല്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുമെന്ന് പ്രവാചകനെ അറിയിച്ചത് സത്യമാണെന്ന് ഉണര്‍ത്തുകയാണിവിടെ. പ്രസ്തുത ഖുര്‍ആന്‍ വചനങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചിരുന്ന അതേ നിലപാടോടുകൂടി ഹിജ്‌റ 7 ല്‍ മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിക്കുക തന്നെ ചെയ്തു.

********************

'നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്തെന്നാല്‍, അവരെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുന്നതാകുന്നു -അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ പ്രതിനിധികളാക്കിയിരുന്നതുപോലെ. അല്ലാഹു അവര്‍ക്കായി തൃപ്തിപ്പെട്ടേകിയ ദീനിനെ ഭദ്രമായ അടിത്തറകളില്‍ സ്ഥാപിച്ചുകൊടുക്കുന്നതുമാകുന്നു. അവരുടെ (നിലവിലുള്ള) അരക്ഷിതാവസ്ഥയെ മാറ്റി, പകരം സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതുമാകുന്നു.' (24:55)

സൂക്തത്തില്‍ നിന്ന് വെളിവാക്കുന്നത് പോലെ തികച്ചും അരക്ഷിതവും നിസ്സാഹയവുമായ അവസ്ഥയില്‍നിന്ന് അവരുടെ ദര്‍ശനം ഭദ്രമായ അടിത്തറകളില്‍ സ്ഥാപിക്കപ്പെടുമെന്നും സുരക്ഷിതത്വം കൈവരുമെന്നും ഇത് വെളിപ്പെടുത്തുന്നു. പ്രസ്തുത സൂക്തത്തിലെ വാക്കുകള്‍ യഥാര്‍ഥ സംഭവങ്ങളായി രൂപാന്തരപ്പെട്ടത് ലോകജനത കണ്ണുകൊണ്ടു കണ്ടുകഴിഞ്ഞതാണ്.

*****************
അത്യധികം കലങ്ങിമറിഞ്ഞതും യുദ്ധത്തിന്റെ അപകടങ്ങള്‍ നിറഞ്ഞതുമായ മദീനയിലെ ആപത്കരമായ അന്തരീക്ഷത്തില്‍ ഖുര്‍ആന്‍ അതിന്റെ പ്രവാചകനം സംബന്ധിച്ചു പ്രഖ്യാപിച്ചു.

'ജനങ്ങളില്‍നിന്നെല്ലാം അല്ലാഹു നിന്നെ സംരക്ഷിക്കുന്നതാണ്.' (5:67)

അപ്രകാരം മക്കയിലെ, ഭീതിയുടെയും മര്‍ദനത്തിന്റെയും നിസ്സഹായതയുടെയും ഘട്ടത്തിലും ഖുര്‍ആന്‍ ഇങ്ങനെ സാന്ത്വനപ്പെടുത്തുകയുണ്ടായി

'നിന്റെ നാഥന്റെ കല്‍പനയാല്‍ നീ ഉറച്ചുനില്‍ക്കുക. എന്തുകൊണ്ടെന്നാല്‍ നീ നമ്മുടെ കണ്‍മുമ്പിലാണ് നിലകൊള്ളുന്നത്.' (52:48)

മക്കയിലെ മേലാളന്‍മാരായ നിഷേധികളായ ശത്രുക്കളില്‍നിന്നും മദീനയിലെ കപടവിശ്വാസികളില്‍നിന്നും ശത്രുത കാണിച്ച ജൂതന്‍മാരില്‍നിന്നും അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചുവെന്നത് ചരിത്രത്തില്‍ നാം കാണുന്നു.

**********************

വിശുദ്ധഖുര്‍ആനെ സംബന്ധിച്ച് ദൈവം പ്രഖ്യാപിക്കുന്നതായി ഇങ്ങനെ കാണാം.

'ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു' (15:9)

നോക്കുക, ഈ പ്രവചനം ഇന്നേവരെ ഒരു യാഥാര്‍ഥ്യവും വസ്തുതയുമായി എത്ര ഭംഗിയില്‍ പുലര്‍ന്നു വന്നിരിക്കുന്നു. തെല്ലെങ്കിലും സത്യസന്ധതയുള്ള ഒരു ഖുര്‍ആന്‍ വിമര്‍ശകനും അത് നിഷേധിക്കുക സാധ്യമല്ല. പ്രവാചകനിലൂടെ എപ്രകാരം അവതരിപ്പിക്കപ്പെട്ടുവോ അതേ വാക്കുകളില്‍ അതേ രൂപത്തില്‍ ഇന്നുവരെ പരിപൂര്‍ണമായി സുരക്ഷിതമായി അത് നിലകൊള്ളുന്നു. അതേ അവസരത്തില്‍ ഖുര്‍ആന് മുമ്പുള്ള വേദങ്ങളിലൊന്നും അതേ പ്രകാരം സുരക്ഷിതമാണ് എന്ന് അതിന്റെ അനുയായികള്‍ക്ക് പോലും അവകാശവാദമില്ല. അവ സ്വയം വാദിക്കുന്നില്ല എന്നത് വേറെ കാര്യം. പക്ഷെ വിശുദ്ധഖുര്‍ആന്‍ സ്വയം അവകാശപ്പെട്ട പോലെ ഇന്നും സുരക്ഷിതമായി നിലനില്‍ക്കുന്നു. ലോകം അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

**********************

ഇറാന്‍ അഗ്നിയാരാധകരുടെ കയ്യായി റോമന്‍ ക്രിസ്ത്യാനികള്‍ക്ക് വ്യക്തമായ പരാജയം നേരിട്ട സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഇങ്ങനെ പ്രഖ്യാപിച്ചു.

'റോമക്കാര്‍ അടുത്ത ഭൂപ്രദേശത്തു പരാജിതരായിരിക്കുന്നു. ഈ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയികളാവും. അല്ലാഹുവിന്റേത് മാത്രമാകുന്നു അധികാരം; മുമ്പും പിമ്പും. അന്ന് അല്ലാഹു അരുളിയ വിജയത്താല്‍ മുസ്ലിംകള്‍ സന്തോഷം കൊള്ളുന്നതാകുന്നു.' (30:2-4)

ഈ സൂക്തങ്ങളിലടങ്ങിയ പ്രവചനം എങ്ങനെ പുലര്‍ന്നുവെന്നറിയാന്‍ മൗലാന മൗദൂദി നല്‍കിയ ചരിത്രാഖ്യാനം നോക്കുക:

[[.....'റോമക്കാര്‍ പരാജിതരായി. എന്നാല്‍ ഈ പരാജയത്തിനുശേഷം ഏതാനും കൊല്ലങ്ങള്‍ക്കകം അവര്‍ ജേതാക്കളായിത്തീരും. അന്ന് അല്ലാഹു നല്‍കിയ വിജയത്താല്‍ സത്യവിശ്വാസികളും സന്തുഷ്ടരായിരിക്കും. ഇതില്‍ രണ്ട് പ്രവചനങ്ങളുണ്ട്: ഒന്ന്, റോമക്കാര്‍ക്ക് പില്‍ക്കാലത്ത് വിജയം കൈവരും. രണ്ട്, ആ കാലത്ത് മുസ്ലിംകള്‍ക്കും വിജയമുണ്ടാകും. ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ ഇതില്‍ ഒരു പ്രവചനമെങ്കിലും പുലരുമെന്നതിന് അന്ന് പ്രത്യക്ഷത്തില്‍ വിദൂരമായ ലക്ഷണങ്ങള്‍പോലും കാണപ്പെട്ടിരുന്നില്ല. ഒരുവശത്ത് മക്കയില്‍ മര്‍ദിതരും നിസ്സഹായരുമായി കഴിയുന്ന ഒരുപിടി മുസ്ലിംകളാണുണ്ടായിരുന്നത്. ഈ പ്രവചനത്തിനുശേഷവും എട്ട് വര്‍ഷത്തോളം അവര്‍ക്ക് വിജയം കൈവരുന്നതിന്റെ യാതൊരു സാധ്യതയും ആര്‍ക്കും ദൃശ്യമായിരുന്നില്ല. മറുവശത്താകട്ടെ റോമക്കാരുടെ പരാജയം ദിനേന അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ക്രിസ്ത്വബ്ദം ആയപ്പോള്‍ ഈജിപ്ത് മുഴുക്കെ പേര്‍ഷ്യയുടെ പിടിയിലായി. മജൂസി സൈന്യം ട്രിപ്പോളിക്കടുത്തെത്തി , തങ്ങളുടെ കൊടിനാട്ടി. റോമാ സൈന്യത്തെ അവര്‍ ഏഷ്യാമൈനറില്‍നിന്ന് , ബാസ്ഫോറസ് തീരത്തോളം തള്ളിയകറ്റി. ക്രിസ്ത്വബ്ദം 617-ല്‍ പേര്‍ഷ്യന്‍പട സാക്ഷാല്‍ കോണ്‍സ്റാന്റിനോപ്പിളിന് തൊട്ടടുത്ത ചല്‍ക്ക്ഡോണ്‍ , (Chalcedon ഇന്നത്തെ ഖാദിക്കോയ്) പിടിച്ചടക്കി. സീസര്‍, ഖുസ്രുവിന്റെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു. എന്തു വിലകൊടുത്തും സന്ധിയുണ്ടാക്കാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം താഴ്മയോടെ അപേക്ഷിച്ചു. പക്ഷേ, ഖുസ്രു പര്‍വേസിന്റെ മറുപടി ഇപ്രകാരമായിരുന്നു: `സീസര്‍ എന്റെ സന്നിധിയില്‍ വന്ന് സ്വന്തം ഖഡ്ഗം അടിയറവെക്കുകയും അവരുടെ ക്രൂശിതദൈവത്തെ വെടിഞ്ഞ് അഗ്നിമഹാദേവന്റെ അടിമത്തം സ്വീകരിക്കുകയും ചെയ്യുന്നതുവരെ ഞാന്‍ അയാള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതല്ല.` ഒടുവില്‍ കോണ്‍സ്റാന്റിനോപ്പിള്‍ വെടിഞ്ഞ് കാര്‍ത്തേജിലേക്ക് (ഇന്നത്തെ തുനീഷ്യ) പലായനം ചെയ്യാനുദ്ദേശിക്കുന്നിടത്തോളം സീസറുടെ സ്ഥിതി വഷളായിത്തീര്‍ന്നു. ഇംഗ്ളീഷ്, ചരിത്രകാരനായ ഗിബ്ബന്റെ അഭിപ്രായത്തില്‍*(1.Gibbon, Decline and fall of the Roman Empire, Vol. II. P. 788, Modern Library Newyork)* ഖുര്‍ആന്റെ ഈ പ്രവചനാനന്തരം ഏഴെട്ടുവര്‍ഷത്തോളം, റോമാസാമ്രാജ്യം ഇനി പേര്‍ഷ്യയെ ജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത നിലയില്‍ തന്നെയായിരുന്നു സ്ഥിതിഗതികള്‍. വിജയിക്കുന്നതുപോയിട്ട് ആ സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്നുപോലും അന്നാരും പ്രതീക്ഷിച്ചിരുന്നില്ല. ഖുര്‍ആന്റെ ഈ പ്രവചനത്തെ മക്കയിലെ നിഷേധികള്‍ വല്ലാതെ പരിഹസിച്ചു. ഉബയ്യുബ്നുഖലഫ്  ഹദ്റത്ത് അബൂബക്കറുമായി വാതുവെച്ചു: `മൂന്നു വര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ ജയിച്ചാല്‍ അബൂബക്കറിനു താന്‍ പത്തൊട്ടകം നല്‍കാം. അല്ലെങ്കില്‍ അദ്ദേഹം തനിക്ക് പത്തൊട്ടകം തരണം.` നബി(സ) ഈ പന്തയത്തെക്കുറിച്ചറിഞ്ഞപ്പോള്‍ പറഞ്ഞു: `ഫീ ബിള്ഇ സിനീന്‍` എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. പത്തില്‍ താഴെയുള്ള സംഖ്യകളെ പൊതുവില്‍ സൂചിപ്പിക്കാനാണല്ലോ അറബിഭാഷയില്‍ `ബിള്അ്` എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് പന്തയം പത്തുവര്‍ഷത്തിനുള്ളില്‍ എന്നാക്കി ഒട്ടകത്തിന്റെ എണ്ണം നൂറായി വര്‍ധിപ്പിച്ചുകൊള്ളുക.` ഇതനുസരിച്ച് ഹദ്റത്ത് അബൂബക്കര്‍ (റ) ഉബയ്യുമായി സംസാരിച്ച്, പന്തയം, പത്തുവര്‍ഷത്തിനുള്ളില്‍ ആരുടെ വാദമാണോ പിഴക്കുന്നത് അയാള്‍ മറുകക്ഷിക്ക് നൂറൊട്ടകം നല്‍കണം എന്നാക്കിമാറ്റി. ഇവിടെ, ക്രിസ്ത്വബ്ദം 622-ല്‍ നബി(സ) മദീനയിലേക്ക് പലായനം ചെയ്തു. അവിടെ, സീസര്‍ ഹെര്‍ക്കുലീസ് നിശ്ശബ്ദം കോണ്‍സ്റാന്റിനോപ്പിള്‍ വിട്ട് കരിങ്കടല്‍ , വഴി തറാപ്സോണിലേക്കുപോയി. അവിടെ പുഷ്ത്തുക്കളുടെ ഭാഗത്തുനിന്നദ്ദേഹം പേര്‍ഷ്യയെ അക്രമിക്കാന്‍ ഒരുക്കം ചെയ്തു. ഈ പ്രത്യാക്രമണത്തിന്റെ സജ്ജീകരണത്തിനുവേണ്ടി സീസര്‍ ക്രൈസ്തവസഭയോട് പണം ചോദിച്ചിരുന്നു. സഭയുടെ അത്യുന്നത പുരോഹിതനായ സര്‍ജിയസ്, ക്രിസ്തുമതത്തിന്റെ രക്ഷയ്ക്കുവേണ്ടി ചര്‍ച്ചുകള്‍ ശേഖരിച്ച വഴിപാടുകളും സംഭാവനകളും സീസര്‍ക്കു പലിശക്കു കടം കൊടുത്തു. ക്രിസ്ത്വബ്ദം 623-ല്‍ ഹെര്‍ക്കുലീസ് ആര്‍മീനിയായില്‍നിന്ന് തന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം (624) അദ്ദേഹം അസര്‍ബീജാനിലേക്ക് നുഴഞ്ഞുകയറുകയും സൌരാഷ്ട്രരുടെ ജന്മസ്ഥലമായ ഇര്‍മിയാ നശിപ്പിക്കുകയും ചെയ്തു. പേര്‍ഷ്യക്കാരുടെ ഏറ്റവും വലിയ അഗ്നികുണ്ഡവും സീസര്‍ നാമാവശേഷമാക്കി. അല്ലാഹുവിന്റെ വിധിയുടെ പ്രവര്‍ത്തനം നോക്കൂ. ഇതേവര്‍ഷം തന്നെയാണ് മുസ്ലിംകള്‍ക്കു ബദ്റില്‍ വച്ച് മുശ്രിക്കുകളുടെ മേല്‍ നിര്‍ണായകമായ വിജയം ലഭിച്ചതും. ഈവിധം സൂറ അര്‍റൂം നല്‍കിയ പ്രവചനങ്ങള്‍ രണ്ടും പത്തുവര്‍ഷം തികയുംമുമ്പ് ഒരേ അവസരത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു.' (Thafheemul Quran, ആമുഖം അധ്യായം:30)]

 എന്തുകൊണ്ട് വിശുദ്ധഖുര്‍ആന്‍ നല്‍കിയ പ്രഖ്യാപനമൊക്കെ കടുകിടതെറ്റാതെ  പുലര്‍ന്നു എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ശരിയും മനുഷ്യയുക്തിക്ക് സ്വീകാര്യവും ആകൂ.  മനുഷ്യനായ ഒരാളുടെ വചനമല്ല; മറിച്ച് ഭൂതവും ഭാവിയും ഒരേ പോലെ അറിയുന്ന അസ്തിത്വത്തില്‍നിന്ന് അവതരിച്ചതാണ് ഖുര്‍ആന്‍ എന്നതാണ് ആ ഉത്തരം

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം പോസ്റ്റ്‌ ചെയ്തിട്ട് പോകണേ!!!!